01:10pm 12 November 2026
NEWS
ആവശ്യപ്പെട്ടാൽ 24 മണിക്കൂറിനകം 113 ബസുകളും തിരുവനന്തപുരം കോർപ്പറേഷന് തിരിച്ചുനൽകുമെന്ന് കെ ബി ​ഗണേഷ് കുമാർ
31/12/2025  01:39 PM IST
nila
ആവശ്യപ്പെട്ടാൽ 24 മണിക്കൂറിനകം 113 ബസുകളും തിരുവനന്തപുരം കോർപ്പറേഷന് തിരിച്ചുനൽകുമെന്ന് കെ ബി ​ഗണേഷ് കുമാർ

തിരുവനന്തപുരം: തിരുവനന്തപുരം സിറ്റി ഇലക്ട്രിക് ബസ് വിവാദത്തിൽ മേയറുടെ നിലപാടുകൾക്ക് മറുപടിയുമായി ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. ഇലക്ട്രിക് ബസുകൾ തിരുവനന്തപുരം കോർപ്പറേഷന്റേതല്ലെന്നും, 60 ശതമാനം സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും മന്ത്രി വ്യക്തമാക്കി. ന​ഗരസഭ ആവശ്യപ്പെട്ടാൽ 113 ഇലക്ട്രിക് ബസുകൾ കോർപ്പറേഷനിലേക്ക് തിരികെ നൽകാൻ സർക്കാർ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇലക്ട്രിക്ബസുകളുടെ അറ്റകുറ്റപ്പണികളും പ്രവർത്തന സംവിധാനങ്ങളും കെഎസ്ആർടിസിയുടേതാണെന്ന് മന്ത്രി പറഞ്ഞു. നെടുമങ്ങാട്, ആറ്റിങ്ങൽ, പോത്തൻകോട്, നെയ്യാറ്റിൻകര തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള യാത്രക്കാരെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരാൻ കഴിയില്ലെന്ന നിലപാട് സർക്കാർ സ്വീകരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്തെ ജനങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്നും അദ്ദേഹം ഉറപ്പു നൽകി. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസിക്ക് കൈമാറിയ 113 ഇലക്ട്രിക് ബസുകൾ നഗരപരിധിക്കുള്ളിൽ മാത്രം ഓടണമെന്ന കോർപ്പറേഷൻ ഭരണസമിതിയുടെ നിലപാടാണ് വിവാദത്തിന് കാരണമായത്. എന്നാൽ വിഷയത്തിൽ മേയർ വി.വി. രാജേഷ് ഇതുവരെ നേരിട്ട് സംസാരിക്കുകയോ കത്ത് നൽകുകയോ ചെയ്തിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

ബസുകൾ തിരികെ വേണമെന്ന് ഔദ്യോഗികമായി അറിയിച്ചാൽ 24 മണിക്കൂറിനകം 113 ബസുകളും കോർപ്പറേഷനു കൈമാറുമെന്നും, അതിന് പകരമായി 150 ബസുകൾ സർക്കാർ പുറത്തുനിന്ന് കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. ഈ ബസുകൾ നഗരത്തിലും നഗരപരിധിക്ക് പുറത്തും സർവീസ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ടക്ടർമാർ, ഡ്രൈവർമാർ, ടിക്കറ്റ് മെഷീനുകൾ, വർക്ക്‌ഷോപ്പ് സംവിധാനം എന്നിവ മുഴുവൻ കെഎസ്ആർടിസിയുടേതാണെന്നും, കഴിവുണ്ടെങ്കിൽ കോർപ്പറേഷൻ സ്വയം ഈ സംവിധാനങ്ങൾ കൈകാര്യം ചെയ്യട്ടെയെന്നും മന്ത്രി വെല്ലുവിളിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img